സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ചുവച്ച കേസില്‍ വിരമിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഓഗസ്റ്റ് 2023 (14:14 IST)
സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ചുവച്ച കേസില്‍ വിരമിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷന്‍. കമ്മിഷന്‍ ഇടപെട്ടതിനെതുടര്‍ന്ന് 24 മണിക്കൂറിനകം സര്‍വ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു.
 
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി. ജയരാജിന്റെ സര്‍വ്വീസ് ബുക്ക് 2000 ല്‍ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടെ ഒരു രേഖയും സര്‍വ്വീസ് ബുക്കില്‍ വരുത്തിയില്ല. ആനുകൂല്യങ്ങള്‍ നല്കിയില്ല.അതിനിടെ ക്യാന്‍സര്‍ ബാധിച്ച് ജയരാജ് മരിച്ചു. എന്നിട്ടും സര്‍വ്വീസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകള്‍ വരുത്തി ആനുകൂല്യങ്ങള്‍ നല്കിയില്ല. പെന്‍ഷന്‍ പ്രഖ്യാപിച്ചില്ല.
 
ഇതുസംബന്ധിച്ച് നിലമ്പൂര്‍ അഭിഭാഷകന്‍ ജോര്‍ജ് തോമസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീല്‍ നല്കിയപ്പോഴും സര്‍വീസ്ബുക്ക് എജിയില്‍ നിന്ന് തിരികെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് കമ്മിഷനെ സമീപിക്കുകയായിരുന്നു.
 
സര്‍വ്വീസ് ബുക്ക് ഡി എം ഒ ഓഫീസില്‍ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്കിയതില്‍ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥര്‍ 25000 രൂപ പിഴയൊടുക്കാന്‍ വിവരാവകാശ കമ്മിഷണര്‍ എ എഹക്കിം ഉത്തരവായി. ഇടുക്കി ഡി എം ഒ ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം.ശിവരാമന്‍, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ.കവിത,ക്ലാര്‍ക്കുമാരായ കെ.ബി.ഗീതുമോള്‍, ജെ.രേവതി എന്നിവരാണ് പിഴ ഒടുക്കേണ്ടത്. സെപ്തമ്പര്‍ അഞ്ചിനകം ഇവര്‍ പിഴ ഒടുക്കുന്നില്ലെങ്കില്‍ റിക്കവറി നടത്താനും ഉത്തരവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article