റിട്ടേണിംഗ് ഓഫീസര്‍ മദ്യലഹരിയില്‍ വീണുപോയി: തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2014 (17:45 IST)
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മുപ്പത്തി ഒന്നാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ മദ്യപിച്ചു കുഴഞ്ഞു വീണതോടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതാവു കൂടിയാണ്‌ റിട്ടേണിംഗ് ഓഫീസര്‍ എന്നതാണ്‌ ഏറെ രസകരം.

കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോള്‍ ബൂത്ത്‍തല തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകിട്ട് മൂന്നിനും നാലിനുമിടയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ സംഗതി മോശമാകുമെന്ന് കരുതിയ പ്രാദേശിക ഘടകം ഇപ്പോള്‍ മറ്റൊരു കഥയുമായി രംഗത്തെത്തിയിരിക്കുകയാണ്‌ - തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസുകാരല്ലാത്ത ആളുകള്‍ വോട്ടിംഗില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമോ എന്ന സംശയത്താലാണു തെരഞ്ഞെടുപ്പ് മാറ്റിയതെന്നാണു വീണതു വിദ്യ എന്ന മട്ടില്‍ വിശദീകരണം നല്‍കുന്നത്.

ഇതിനൊപ്പം റിട്ടേണിംഗ് ഓഫീസര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഉപകരണം പൊലീസുകാരുടെ കൈയിലായതിനാല്‍ ടെസ്റ്റിംഗ് നടത്താന്‍ കഴിഞ്ഞില്ല എന്ന് മറ്റൊരു ഉത്തരവും കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റിവച്ച തെരഞ്ഞെടുപ്പ് നടത്തുമെന്നാണ്‌ റിപ്പോര്‍ട്ട്.