മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ചവരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. ലോകം മൊത്തം കേരളത്തിനായി കൈകോർത്തിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് കൂടുതൽ പണവും ലഭ്യമായിരിക്കുന്നത്. 713.92 കോടിയിൽ 132.68 കോടി രൂപ സിഎംഡിആർഎഫ് പേമെന്റ് ഗേറ്റ്‌വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ലഭിച്ചതാണ്.
എസ്‌ബിഐയിലെ സിഎംഡിആർഎഫ്. അക്കൗണ്ടിൽ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപയാണ് ലഭിച്ചത്.
ഇതുവരെ 3.91 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകിയത്.
ഭൂരിഭാഗം ഓൺലൈൻ സൈറ്റുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പ്രചാരണം നടത്തുന്നുണ്ട്. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി പണമടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.