സംസ്ഥാനത്ത് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,62,456 പേർ, സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ ഉടൻ മാറ്റും: മുഖ്യമന്ത്രി

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (08:12 IST)
സംസ്ഥാനത്ത് 4,62,456 ആളുകളാണ് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കല്‍ സജീവമായി നടക്കുന്നുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് ഓഗസ്റ്റ് എട്ട് മുതല്‍ ഇന്നലെവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
 
വെള്ളം കെട്ടിക്കിടക്കുന്നയിടങ്ങളിൽ നിന്ന് അത് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 29ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്. വെള്ളം കയറിയ സ്‌കൂളുകള്‍ രണ്ട് ദിവസത്തിനകം പൂര്‍ണമായും വൃത്തിയാക്കണം.
 
ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരിസരം വൃത്തിയാക്കുന്നതില്‍ ഹരിത കേരള മിഷനും പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും  വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍