‘നമ്മുടെ നാടിനൊരു കരുത്തുണ്ട്, അത് നാം തിരിച്ചറിയണം, നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല‘: നവകേരളം സൃഷ്ടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി
പ്രളയത്തിൽ കേരളത്തിനുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നെങ്കിലും അതെല്ലാം സാധ്യമാക്കാനുള്ള കരുത്ത് മലയാളി സമൂഹത്തിനുണ്ട്. നമ്മുടെ നാടിന് ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.
പലതരത്തിലുള്ള നാശനഷ്‌ടങ്ങളാണ് കേരളത്തിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി പലതരം പദ്ധതികളും സർക്കാർ വിഭാവന ചെയ്‌തിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകൾ പറ്റിയതും മറ്റും സർക്കാർ മുൻകൈയെടുത്തുതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വീടുകൾ മാത്രമല്ല ഒരുപാട് നാടുകൾ കൂടി കേരളത്തിന് നഷ്‌ടമായിട്ടുണ്ട്. നഷ്‌ടപ്പെട്ടത് പുനർനിർമ്മിക്കുന്നതിന് പകരം പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള അവസരമായാണ് സർക്കാർ ഇതിനെ കാണുന്നത്.
പുറത്തുനിന്നുള്ളവരുടെ സഹായത്തിനപ്പുറം നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ നാടിനൊരു കരുത്തുണ്ട് നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല- മുഖ്യമന്ത്രി വ്യക്തമാക്കി.