“ഇ ടി കൂടിയുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷമായി, അപ്പോള്‍ ഞാന്‍ മാത്രമല്ല...” - മന്ത്രി രാജുവിന്‍റെ വെളിപ്പെടുത്തല്‍; മന്ത്രി രാജിവയ്ക്കേണ്ടിവരുമെന്ന് സൂചന

ശനി, 25 ഓഗസ്റ്റ് 2018 (17:41 IST)
മലയാളികള്‍ പ്രളയദുരിതം അനുഭവിക്കുന്ന സമയത്ത് ജര്‍മ്മനിയിലേക്ക് പോയ വനം‌മന്ത്രി കെ രാജു ജര്‍മ്മനിയില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ വീഡിയോ ഞെട്ടിക്കുന്നതാണ്. പ്രളയക്കെടുതിയുടെ രൂക്ഷതയെക്കുറിച്ച് ബോധ്യമുണ്ടായിട്ടും അത് അവഗണിച്ചാണ് താന്‍ ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് രാജു വീഡിയോയില്‍ പറയുന്ന വാചകങ്ങള്‍.
 
“വിസയൊക്കെ നേരത്തേ റെഡിയായിരുന്നു. എന്നാല്‍ വരുന്ന കാര്യത്തില്‍ പതിനഞ്ചാം തീയതിയാണ് തീരുമാനമായത്. വന്നപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീര്‍ എം‌പിയും ഉണ്ടെന്ന് അറിഞ്ഞത്. അപ്പോള്‍ എനിക്ക് സന്തോഷമായി. അപ്പോള്‍ എനിക്കുപറയാം, ഞാന്‍ മാത്രമല്ല...” - മന്ത്രി ജര്‍മ്മനിയിലെ പ്രസംഗത്തിനിടെ ചിരിച്ചുകൊണ്ട് വെളിപ്പെടുത്തുന്നു.
 
ഈ വീഡിയോ പുറത്തുവന്നതോടെ മന്ത്രിയുടെ ഇതുവരെയുള്ള വാദങ്ങളെല്ലാം പൊള്ളയാണെന്ന് വ്യക്തമായി. ഇവിടെ മഴയും പ്രളയവും രൂക്ഷമാണെന്നും ജനങ്ങള്‍ അപകടത്തിലാണെന്നും ബോധ്യമുള്ളപ്പോല്‍ തന്നെയാണ് മന്ത്രി ജര്‍മ്മനിയിലേക്ക് യാത്രതിരിച്ചത്. വേണ്ടവിധത്തില്‍ ചുമതലാകൈമാറ്റം പോലും നടത്താതെയാണ് മന്ത്രി പോയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
 
കോട്ടയം ജില്ലയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുടെ ജര്‍മ്മന്‍ യാത്ര വലിയ വിവാദമായതിനെ തുടര്‍ന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ജര്‍മ്മനിയില്‍ നിന്ന് പരിപാടി വെട്ടിച്ചുരുക്കി മടങ്ങിയെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍