ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ജയരാജന് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രകാശ് ജാവഡേക്കറെ കാണുന്നതില്‍ തെറ്റില്ല. പൊതുപരിപാടികളില്‍ പലതവണ ഞാനും ജാവഡേക്കറെ കണ്ടിട്ടുണ്ട്. നിങ്ങള്‍ പരമാവധി ശ്രമിച്ചോളൂ, നമുക്ക് കാണാം എന്നാണ് ജാവഡേക്കറോട് പറഞ്ഞത്. ഈ നന്ദകുമാറിനെ എനിക്കറിയാം. കേരളത്തില്‍ സിപിഎമ്മിനെതിരെയും എനിക്കെതിരെയും ഒരു സംഘം ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ചില മാധ്യമങ്ങളും അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. താത്കാലിക നേട്ടങ്ങളല്ലാതെ എന്നിട്ട് വല്ല ഫലവും ഉണ്ടായോ? തിരെഞ്ഞെടുപ്പ് കാലത്തെ തെറ്റായ പ്രചരണങ്ങളെ ജനം തിരിച്ചറിയും. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കും. ബിജെപി ഇവിടെ സ്വീകാര്യരല്ല. ഒരു സീറ്റില്‍ പോലും അവര്‍ രണ്ടാമതെത്തില്ല. കേരളത്തിനെതിരെയുള്ള നിലപാടുകള്‍ക്കുള്ള മറുപടിയാകും ഈ തിരെഞ്ഞെടുപ്പ്. കേരള വിരുദ്ധ ശക്തികള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.