മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചതോടെ സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനായി മനസില്ലാ മനസോടെ പദവി ഏറ്റെടുത്ത ലാലിനുമേല്‍ സ്ഥാനമൊഴിയാനുള്ള കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തോടെ രൂപീകരിക്കപ്പെട്ട ഡബ്യുസിസിയെ ഒപ്പം നിര്‍ത്തുകയെന്ന പ്രധാന കടമയായിരുന്നു പുതിയ പ്രസിഡന്റായ മോഹന്‍ലാലിനുണ്ടായിരുന്നത്. ഡബ്യുസിസിയിലെ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന മഞ്ജു വാര്യരുമായി അടുത്ത ബന്ധമുള്ള മോഹന്‍ലാലിന് എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാനമൊഴിഞ്ഞ മുന്‍ നേതൃത്വത്തിന്റെ നിഗമനം. എന്നാല്‍, നാല് നടിമാരും സംഘടനയെ ഞെട്ടിച്ചു.
നടിമാരുടെ രാജി സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത മോഹന്‍ലാലിനുണ്ട്. പ്രതികരിക്കാനില്ലെ പറയുമ്പോള്‍ പോലും നയം വ്യക്തമാക്കേണ്ട സാഹചര്യം ‘അമ്മ’യ്‌ക്ക് മുമ്പിലുണ്ട്. സംഘടനയില്‍ നിന്നും പുറത്തുപോയ നടിമാര്‍ ആരോപിക്കുന്ന കാര്യങ്ങള്‍ നിസാരമായി കണ്ട് തള്ളിക്കളയുന്നത് തിരിച്ചടിയാകുമെന്ന നിഗമനവും നേതൃത്വത്തിനുണ്ട്.
നടി അക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ ഡബ്യുസിസി പ്രതിഷേധം അറിയിക്കുകയും തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവയ്‌ക്കുകയും ചെയ്‌തത് തിരിച്ചടിയായത് മോഹന്‍ലാലിന് മാത്രമാണ്.