വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാതായി. അമ്മയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ പറമ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം കൊട്ടേപറമ്പിൽ ജയിംസ്-സജിത ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് കാണാതായത്.
പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടി കരഞ്ഞതിനാലാണു പെട്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂര്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം. കാണാതായി 20 മിനിറ്റിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയി. ഇതിനുശേഷം കുട്ടിയെ ഉറക്കി മുറി അടച്ച് സജിത ശുചിമുറിയില്‍ പോയി വന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ച് പരിസരവാസികളെ അറിയിച്ചു.
കുഞ്ഞിനെ ഉടന്‍ തന്നെ അമൃത ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.