രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിലുണ്ടായ കൂട്ട ശിശുമരണത്തിൽ കോൺഗ്രസ്സ് സർക്കാറിനുള്ളിൽ ഭിന്നത. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ പേരെടുത്ത് പറയാതെ വിമർശനവുമായി പാർട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടുവാൻ ആർക്കും സാധിക്കില്ലെന്നാണ് സച്ചിൻ പൈലറ്റ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയെ പേരെടുത്ത് പറയാതെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോൺഗ്രസ്സിനുള്ളിൽ നിൻൻ തന്നെ സർക്കാറിനെതിരെ ഇത്തരത്തിലൊരു വിമർശനമുയരുന്നത്.
വസുന്ധര രാജെയുടെ തെറ്റുകൾക്കെതിരായാണ് ജനങ്ങൾ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. ഈ വിഷയത്തിൽ സർക്കാറിന്റെ പ്രതികരണം കൂടുതൽ അനുകമ്പയോടും സൂക്ഷമതയോടെയും ആകണമെന്നാണ് ഞാൻ കരുതുന്നത്. അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും മുൻ സർക്കാറിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഇത്രയധികം കുട്ടികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക തന്നെ വേണമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.