ചാര്‍ലിക്കായി ദുല്‍ഖര്‍ ഒത്തിരി കഷ്‌ടപ്പെട്ടു; അവാര്‍ഡ് ഉറപ്പാണെന്ന് കല്‍‌പ്പന അന്നേ പറഞ്ഞിരുന്നു- മാര്‍ട്ടിന്‍ പ്രക്കാട്ട് മനസ് തുറക്കുന്നു

Webdunia
ബുധന്‍, 2 മാര്‍ച്ച് 2016 (00:07 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചാര്‍ലിക്കായി ഒത്തിരി കഷ്‌ടപ്പെട്ടുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. ചാര്‍ലി ഒരു ടീം വര്‍ക്കായിരുന്നുവെങ്കിലും എട്ട് മാസത്തോളം മറ്റ് സിനിമകളില്‍ നിന്ന് മാറി ദുല്‍ഖര്‍ ഒപ്പം നിന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കായി താടി വളര്‍ത്തുകയും ബുദ്ധിമുട്ടുകള്‍ അവഗണിച്ച് സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ലി  ഏറെ ശ്രദ്ധിക്കപെടുമെന്നും ദുല്‍ഖറിന് അവാര്‍ഡ് ലഭിക്കുമെന്നും ചിത്രീകരണസമയത്ത് കല്‍പന പറഞ്ഞിരുന്നു. കല്‍പന അവസാനമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ്. പാര്‍വതിയുടെ ഭാഗത്തുനിന്നും പൂര്‍ണ്ണമായ പിന്തുണയുണ്ടായിരുന്നു. ടീം വര്‍ക്കിന്റെ ഫലമായ ചാര്‍ലിക്ക് എട്ട് അവാര്‍ഡുകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒരിക്കലും ഇത്രയും അവാര്‍ഡ് പ്രതീക്ഷിച്ചില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.

ദുല്‍ഖറിന് തന്റെ സിനിമയിലൂടെ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ആര്‍ട്ട് സിനിമയെന്നോ കോമേഴ്സ്യല്‍ സിനിമയെന്നോ വേര്‍ തിരിവില്ലാതെയാണ് താന്‍ സിനിമയെ സമീപിക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഒരു സിനിമ ഒരുക്കണമെന്നുമാത്രമാണ് ചാര്‍ലിയെ തെരഞ്ഞെടുക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളു. ടീം വര്‍ക്കിലൂടെ അത് സാധ്യമായെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് വ്യക്തമാക്കി.