കോട്ടയത്ത് കരോള്‍ സംഘത്തെ ആക്രമിച്ചവരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും; കൊല്ലുമെന്ന ഭീഷണിയില്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങാതെ കുട്ടികളടക്കമുള്ളവര്‍

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (08:30 IST)
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയേത്തുടര്‍ന്ന് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് ഇന്ന് ആറ് ദിവസമാകുന്നു. കോട്ടയം പാത്താമുട്ടത്തെ അഞ്ചു കുടുംബങ്ങളാണ് പള്ളിയില്‍ താമസിക്കുന്നത്. ഇവര്‍ക്കൊപ്പം കുട്ടികളുമുണ്ട്.

കഴിഞ്ഞ 23ന് രാത്രിയിലാണ് സംഭവം. കരോള്‍ സംഘത്തില്‍ അതിക്രമിച്ചു കയറിയ ഏഴുപേര്‍ മോശമായി പെരുമാറുകയും ഇവരില്‍ ചിലര്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌തതോടെയാണ് കരോള്‍ സംഘത്തിനെ ഇവര്‍ ആക്രമിച്ചത്.

പള്ളിയില്‍ ആക്രമണം നടത്തിയ സംഘം സമീപത്തെ നാലു വീടുകള്‍ക്കുനേരെയും വാഹനങ്ങള്‍ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി ആക്രമികള്‍ അടിച്ചു തകര്‍ത്തു.

സംഭവത്തില്‍ ഏഴു പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ ആറു പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

പാത്താമുട്ടം മേഖലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ കഴിഞ്ഞ ദിവസം ഇവര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല. പാത്താമുട്ടം മേഖലയില്‍ അക്രമികള്‍ എത്തിയതോടെയാണ് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങാതായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article