സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു; ബസുടമകൾക്ക് കാരണം കാണിക്കല്‍ നോട്ടീസ്
നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സമരം തുടരുന്ന സ്വകാര്യ ബസുടമകൾക്ക് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ വ്യക്തമാക്കി.
പെർമിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി രാവിലെ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ സമരം നടത്തുന്ന ബസുടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തു. പലയിടത്തും ബസുകൾ നിരത്തിലിറങ്ങി തുടങ്ങി. തലസ്ഥാന നഗരത്തിൽ ചില സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തി. കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും ഇന്ന് നാല് സ്വകാര്യ ബസുകൾ സർവീസ് തുടങ്ങി.