സ്വകാര്യ ബസ് സമരത്തെ പൊളിച്ചടുക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; വരുമാനം ഉയരുമെന്ന് തൊഴിലാളികള്‍

ശനി, 17 ഫെബ്രുവരി 2018 (16:28 IST)
സ്വകാര്യ ബസ് സമരം മുതലെടുത്ത് കെഎസ്ആര്‍ടിസി. പെന്‍‌ഷനും ശമ്പളവും സംബന്ധിച്ച പ്രതിസന്ധികള്‍ തുടരുമ്പോഴും ജീവനക്കാര്‍ ഒറ്റക്കെട്ടായി നിന്നു സ്വകാര്യബസ് സമരത്തെ നേരിട്ടതോടെ മികച്ച വരുമാനവുമായി കെഎസ്ആര്‍ടിസി.

ജനജീവിതം തടസപ്പെടാതെ പരമാവധി ബസുകള്‍ നിരത്തിലിറക്കിയും സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചും ജീവനക്കാര്‍ തങ്ങള്‍ക്കു ലഭിച്ച അവസരം മുതലെടുക്കുകയാണ്. പലരും അവധിയെടുക്കുന്നതില്‍ നിന്നു പോലും പിന്മാറിയതായിട്ടാണ് റിപ്പോര്‍ട്ട്.

സമരം എത്ര ദിവസം നീണ്ടു നില്‍ക്കുന്നോ അത്രയും ദിവസം കൊണ്ട് പരമാവധി കളക്ഷന്‍ ഉണ്ടാക്കാനാണ് കെഎസ്ആര്‍ടി സിയുടെ നീക്കം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരാണ്  ഓരോ ജില്ലയിലും ഷെഡ്യൂളുകള്‍ നിയന്ത്രിക്കുന്നത്. സ്വകാര്യ ബസുകള്‍ കൂടുതലായുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.

219 അഡീഷണല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകളാണ് വെള്ളിയാഴ്‌ച നിരത്തിലറങ്ങിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, തുടങ്ങി എല്ലാ സോണുകളിലും ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും എണ്ണം കൂട്ടി.

സ്വകാര്യ ബസുകൾ സമരത്തിലായതിനാല്‍ സമാന്തര വാഹനങ്ങള്‍ സജീവമാണ്. ജീപ്പിലും ഓട്ടോറിക്ഷകളിലും കാറുകളിലുമായി ജനത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇവര്‍ രംഗത്തുവന്നത് കെ എസ് ആര്‍ ടിസിക്ക് നേരിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍