സര്‍ക്കാര്‍ നിശ്ചയിച്ചത് പോര, ഇനിയും വർധിപ്പിക്കണം; സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി

വെള്ളി, 16 ഫെബ്രുവരി 2018 (07:59 IST)
സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമ‌ല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി. സമരം നടത്തുമെന്നും സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്.
 
സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കില്ല. മിനിമം ചാര്‍ജ് 10 രൂപയാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ എട്ട് രൂപ അപര്യാപ്തമാണ്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായി ഉയർത്തണം. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർഥികളാണ് യാത്ര ചെയ്യുന്നത്. യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
 
സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്ന എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
 
ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു.
 
സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. 12 സംഘടനകള്‍ക്കുകീഴിലെ 14,500-ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. അതേ സമയം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്അര്‍ടിസി അധിക സര്‍വ്വീസ് നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍