കൈക്കൂലിക്കേസിൽ ജോയിന്റ് ആർ.ടി.ഓ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 30 നവം‌ബര്‍ 2021 (16:41 IST)
തൃശൂർ: കൈക്കൂലി കേസിൽ അകപ്പെട്ട ജോയിന്റ് ആർ.ടി.ഓ യെ വിജിലൻസ് വിഭാഗം ശുപാർശയെ തുടർന്ന് സസ്പെൻഷനിലായി. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പണം കൊണ്ടുപോകുന്ന വാനുകൾ രൂപം മാറ്റി രജിസ്റ്റർ ചെയ്യാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി എന്ന കേസിൽ തിരുവല്ല ജോയിന്റ് ആർ.ടി.ഓ ബി.ശ്രീപ്രകാശിനെയാണ് സസ്‌പെൻഡ് ചെയ്തത്.

2019 ലാണ് ഇപ്പോൾ വിവാദമായ അഴിമതിയുടെ തുടക്കം. നാല്പത്തിയേഴു പിക്കപ്പ് വാനുകളും നീളം, വീതി എന്നിവ അനധികൃതമായി വർധിപ്പിച്ചു മൂടിക്കെട്ടിയ നിലയിൽ ക്യാഷ് വാനുകളാക്കി മാറ്റാൻ കാൽ ലക്ഷം രൂപാ വീതം കൈക്കൂലി വാങ്ങി എന്ന പരാതിയെ തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിലാണ് ഇത്തരത്തിൽ വാഹനങ്ങൾക്ക് പുതുക്കിയ തരത്തിലുള്ള ആർ.സി. ബുക്ക് അനുവദിച്ച രേഖകൾ കണ്ടെത്തി. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് നിലവിൽ കർശന നിരോധനമാണുള്ളത്.

അഴിമതിയും ക്രമക്കേടും കണ്ടെത്തി രണ്ട് കൊല്ലമായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ല എന്നാരോപിച്ച് കേരളം ടോറസ് ടിപ്പർ അസോസിയേഷൻ സർക്കാരിന് പരാതി നൽകിയിരുന്നു. ശ്രീപ്രകാശ് തൃശൂർ ജോയിന്റ് ആർ.ടി.ഓ ആയിരുന്നപ്പോഴാണ് സംഭവം. സംഭവം വിവാദമായപ്പോൾ തിരുവല്ലായിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിജിലൻസ് ശുപാർശയെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറാണ് ശ്രീപ്രകാശിനെ സസ്‌പെൻഡ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article