Boby Chemmannur - Honey Rose Issue: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം വിശദമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരായ തെളിവുകളും ഹണി ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനു കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ നടി ഹണി റോസിനെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയത്.
ഹണി റോസിനെ കുന്തീ ദേവിയോടു ഉപമിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ കാണുമ്പോള്‍ തനിക്ക് മഹാഭാരതത്തിലെ കുന്തീ ദേവിയെ ആണ് ഓര്‍മ വരുന്നതെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ജ്വല്ലറിയിലെ നെക്ലേസ് ഇട്ടുനോക്കുന്നതിനിടെ ഹണിയെ ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകറക്കുകയും ചെയ്തു. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗം മാത്രമേ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നാണ് ബോബി അതിനു ശേഷം പറഞ്ഞത്.
ഉദ്ഘാടന വേദിയില്‍ അപമാനകരമായി പെരുമാറിയപ്പോള്‍ ഉള്ളില്‍ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്നു കരുതിയാണ് ചിരിച്ചുനിന്നത്. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.
ജ്വല്ലറി ഉദ്ഘാടന പരിപാടിക്കു ശേഷം ഹണി റോസ് ബോബി ചെമ്മണ്ണൂരിനു താക്കീത് നല്‍കിയതാണ്. ഹണി റോസിന്റെ മാനേജര്‍ ബോബി ചെമ്മണ്ണൂരിന്റെ മാനേജറുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഹണി റോസില്‍ നിന്ന് താക്കീത് ലഭിച്ച ശേഷവും ബോബി ചെമ്മണ്ണൂര്‍ അവരെ അപമാനിക്കല്‍ തുടര്‍ന്നു.
പിന്നീട് തലശ്ശേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന്, ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ തൃപ്രയാര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ചു. ഉദ്ഘാടന ചടങ്ങിനു വരില്ലെന്ന് അറിയിച്ചതോടെ ബോബി ചെമ്മണ്ണൂരിന് തന്നോടു പ്രതികാര ബുദ്ധിയായെന്നും ഇതേ തുടര്‍ന്ന് പിന്നീടും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, അറസ്റ്റ് പേടി വന്നതോടെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഹണിയോടു ക്ഷമ ചോദിക്കാന്‍ ബോബി തയ്യാറായി. തെറ്റായ ഉദ്ദേശ്യമൊന്നും തനിക്ക് ഇല്ലായിരുന്നെന്നും തന്റെ പരാമര്‍ശം ഹണിക്ക് വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഞാന്‍ കാരണം മറ്റൊരാള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.