മന്ത്രവാദത്തിനിടെ നടന്ന ക്രൂരമായി പീഡനത്തില്‍ യുവതി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശിനി ആതിര(22)യാണ് മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മന്ത്രവാദത്തിനിടെ ആതിരയെ മര്‍ദ്ദിക്കുകയും ശരീരത്ത് കർപ്പൂരം കത്തിച്ച് വെച്ചതുമാണ് മരണത്തിന് കാരണമായത്. കൊടിയ മര്‍ദ്ദനത്തിനിടെ അവശയായി തളര്‍ന്ന് വീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
ആതിരയുടെ ശരീരത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കർപ്പൂരം കത്തിച്ച് വെച്ചതുമൂലം ഉണ്ടായതാവാം എന്നാണ് പൊലീസ് പറയുന്നത്. ദേഹത്താകമാനം പൊള്ളലും അടിയുടെ പാടുകളുമേറ്റിട്ടുണ്ട്. ഭസ്മവും സുഗന്ധദ്രവ്യങ്ങളും പൂശിയ നിലയിൽ കാണപ്പെട്ടതാണ് മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടതാണെന്ന സംശയത്തിനിടയാക്കിയത്. കൈയ്യിൽ കർപ്പൂരം കത്തിച്ച നിലയിലുള്ള പൊള്ളലേറ്റ അടയാളങ്ങളുമുണ്ട്.
ആതിരയ്ക്ക് ഇടയ്ക്കിടെ ജന്നി വരാറുണ്ടായിരുന്നതായി പറയപ്പെടുന്നു. രോഗം ഭേദമാക്കാൻ മന്ത്രവാദ ചികിത്സ നടത്തിയതിനിടെയാകാം മരണം സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം യുവതി ജന്നിവന്ന് നിലവിളക്കിന് മീതെ വീണ് പൊള്ളലേറ്റതായാണ് വീട്ടുകാർ ആശുപത്രിയിൽ നൽകിയ മൊഴി. എന്നാൽ ദേഹത്ത് പല ഭാഗത്തും കർപ്പൂരം കത്തിച്ചതുപോലെയുള്ള അടയാളം കാണപ്പെട്ടത് ആശുപത്രി അധികൃതരിൽ സംശയത്തിനിടയാക്കി. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപകമാക്കി. കുട്ടിക്ക് മാനസികമായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.