ബിജെപി സാധ്യതാ സ്ഥാനാർത്ഥി പട്ടിക തയ്യാറായി; പത്തനം‌തിട്ടയോ തൃശൂരോ തന്നില്ലെങ്കിൽ മത്സരിക്കില്ലെന്ന് സുരേന്ദ്രൻ, ശ്രീധരൻ പിളളയടക്കം ലിസ്റ്റിൽ

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (11:51 IST)
ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലും മൂന്ന് പേര്‍ വീതമടങ്ങുന്ന പട്ടിക ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അടക്കമുളള പ്രമുഖ നേതാക്കള്‍ എല്ലാവരും മത്സരരംഗത്ത് ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി.
 
വിജയസാധ്യതയുള്ള സീറ്റുകള്‍ക്ക് അവകാശവാദമുന്നയിച്ച് പ്രധാന നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും മൂന്നംഗ പാനല്‍ നല്‍കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍പിള്ള, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് കേന്ദ്രനേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
 
ശ്രീധരന്‍പിള്ള മല്‍സരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം ആയിരിക്കും അവസാന തീരുമാനം എടുക്കുക. അതേസമയം വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയോ തൃശൂരോ വേണമെന്ന നിലപാടിലാണ് സുരേന്ദ്രന്‍. എന്നാല്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയിലും കേന്ദ്ര തീരുമാനപ്രകാരം തൃശൂര്‍ സീറ്റ് ബി.ഡി.ജെഎസിനും കൊടുത്താല്‍ സുരേന്ദ്രന്‍ ഇടയുമെന്നുറപ്പാണ്. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
 
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍ ആലപ്പുഴയില്‍ എഎന്‍ രാധാകൃഷ്ണന്‍, വടകര വികെ സജീവന്‍ തൃശ്ശൂര്‍ കെ. സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ കോഴിക്കോട് എം.ടി രമേശ്, കെ.പി ശ്രീശന്‍ ചാലക്കുടി, എ.എന്‍ രാധാകൃഷ്ണന്‍, എ. ജെ അനൂപ്. കാസര്‍കോട് പി. കെ കൃഷ്ണദാസ്, സികെ പത്ഭനാഭന്‍, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പട്ടികയിൽ.ചാലക്കുടിയില്‍ രാധാകൃഷ്ണന് പുറമേ യുവമോര്‍ച്ച നേതാവ് ആന്റണിക്കും സാധ്യതയുണ്ട്. വടകരയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article