'ശബരിമലയിലെ സർക്കാർ നിലപാടുകൾ ചർച്ച ചെയ്യും'; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി

തിങ്കള്‍, 11 മാര്‍ച്ച് 2019 (17:49 IST)
ശബരിമല സ്ത്രീപ്രവേശന വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി. ശബരിമല പ്രചാരണവിഷയം ആക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ വ്യക്തമാക്കിയിരുന്നു. മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ടീകാറാം ഇക്കാര്യം വ്യക്തമാക്കിയത്. സാമുദായിക ധ്രുവീകരണത്തിനു ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ടലംഘനമാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍