കുമ്മനം ഇന്ന് മുതല്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്; ആശംസ നേര്‍ന്ന് മോദി

ചൊവ്വ, 12 മാര്‍ച്ച് 2019 (08:51 IST)
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് മുതല്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്. ഇന്ന് രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുമ്മനം എത്തിച്ചേരും. ബിജെപി നേതാക്കളും പ്രവര്‍ത്തകരും കുമ്മനത്തെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിവരികയാണ്.  
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുമ്മനം ചര്‍ച്ച നടത്തിയിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് കേരളത്തില്‍ മികച്ചപ്രകടനം നടത്തുമെന്നും ഇതിന് നേതൃത്വം നല്‍കാന്‍ കുമ്മനത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
 
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ചത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കെ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരുടെ പേരുകൾ ഉയർന്ന് വന്നുവെങ്കിലും കുമ്മനത്തിന്റെ അത്രയും സ്വീകാര്യത മറ്റാർക്കുമില്ലെന്ന തിരിച്ചറിവിലാണ് ബിജെപി കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.  
 
തിരുവനന്തപുരത്ത് ഇത്തവണ സിറ്റിംഗ് എംപി ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചാല്‍ തരൂരിനെ പോലെ ഒരാളെ മന്ത്രിസഭയില്‍ വേണമെന്ന ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. സിപിഐയുടെ സ്ഥാനാര്‍ത്ഥി നെടുമങ്ങാട് എംഎല്‍എ സി. ദിവാകരനാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍