Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; പെരുമഴ തോര്‍ന്നെങ്കിലും ശക്തമായ മഴ തുടരും, മത്സ്യബന്ധനത്തിനു വിലക്ക്

രേണുക വേണു

ബുധന്‍, 18 ജൂണ്‍ 2025 (09:06 IST)
Kerala Weather: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. 
 
ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.
 
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 18 & 19 ന് മണിക്കൂറില്‍ പരമാവധി 40 - 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാന്‍ സാധ്യത.
 
കേരള തീരത്ത് കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 19 (നാളെ) വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍