ആശങ്ക വേണ്ട; പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്ന് കേന്ദ്ര സംഘം

Webdunia
ബുധന്‍, 26 നവം‌ബര്‍ 2014 (18:41 IST)
പക്ഷിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തിയുണ്ടെന്നും. ഈ വിഷയത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തൃപ്തികരമാണെന്നും കേന്ദ്ര സംഘം അറിയിച്ചു.

പക്ഷിപ്പനി പടര്‍ന്ന ഭാഗങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്സുമാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ആശ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളില്‍ എത്തി ആരോഗ്യ വിവരം ചോദിച്ച് അറിയാനും കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അതാതു ദിവസം ഡിഎംഒയ്ക്കു കൈമാറണമെന്നും. പക്ഷിപ്പനി ബാധിച്ച അവസാന താറാവിനെയും കൊന്നു കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിതി പൂര്‍ണ നിയന്ത്രണ വിധേയമാകുമെന്നും കേന്ദ്ര സംഘം അറിയിച്ചു.

അതേസമയം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പടര്‍ന്ന പക്ഷിപ്പനി പത്തനംതിട്ട ജില്ലയിലും സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നിന്ന് പക്ഷിപ്പനിക്കുള്ള കൂടുതല്‍ മരുന്ന് കേരളത്തിലെത്തിക്കും. എച്ച് 1എന്‍ 1 ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നാണ് എത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടനാട്ടിലെ കൈനകരിയില്‍ പക്ഷിപ്പനി ബാധിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.