ഈ വിവാദത്തില്‍ ദുരൂഹതയുണ്ട്; കേസ് 2014ല്‍ ഒത്തുതീര്‍ന്നത് - കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി

Webdunia
ബുധന്‍, 24 ജനുവരി 2018 (15:33 IST)
സാമ്പത്തിക തട്ടിപ്പ് കേസ് നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി രംഗത്ത്. തനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലോ പൊലീസിലോ നിലവിലില്ല. ഇതിന്റെ രേഖകൾ ഉടൻതന്നെ ദുബായ് കോടതിയിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായില്‍ പോകുന്നതിന് തനിക്ക് യാതൊരു വിലക്കുമില്ല. ബിസിനസ് പങ്കാളിയുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അത്തരത്തില്‍ 2014ല്‍ നടത്തിയിട്ടുള്ള ഇടപാടാണ് ഇപ്പോഴുള്ള വിവാദത്തിന് പിന്നില്‍. അന്ന് 60,000 ദിർഹം അടച്ച് ഇടപാട് ഒത്തുതീർപ്പാക്കിയതാണെന്നും ബിനോയ് പറഞ്ഞു.

ഈ സന്ദർഭത്തിൽ പഴയ കാര്യങ്ങള്‍ വിവാദമാക്കുന്നതിൽ ദുരൂഹതയുണ്ട്. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങളുമായി അച്ഛൻ (കോടിയേരി ബാലകൃഷ്ണൻ) മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞു.

അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം. അതേസമയം, കമ്പനി നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article