ഭോപ്പാലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റത് വളരെ അടുത്തു നിന്നാണെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ചിലര്‍ക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റതെന്നും ഓരോരുത്തര്‍ക്കും രണ്ടുതവണ വെടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വെടിയേറ്റ എല്ലാവര്‍ക്കും അരയ്ക്ക് മുകളിലാണ് വെടിയേറ്റത്. വെടിയുണ്ട ശരീരത്തിനുള്ളിലൂടെ പുറത്തേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സിമി പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും പൊലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ല എന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പൊലീസിനു നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് പ്രതികള്‍ ചെയ്തതെന്നും ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതോടെ ഭോപ്പാലില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണ്.