സംസ്ഥാനത്തെ ഏറ്റവും മികച്ച മുന്‍സിപ്പാലിറ്റിക്കുള്ള സ്വരാജ് പുരസ്‌കാരം ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിക്ക്. തൃശൂര്‍ ജില്ലയിലെ തന്നെ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. ആന്തൂര്‍ (കണ്ണൂര്‍ ജില്ല) മുന്‍സിപ്പാലിറ്റി മൂന്നാം സ്ഥാനത്ത്. മന്ത്രി എം.ബി.രാജേഷ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതി പുരോഗതി, മാലിന്യ സംസ്‌കരണം, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലെ മികവ്, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ നടത്തിപ്പ് തുടങ്ങി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സൂചികകളും വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മുനിസിപ്പാലിറ്റികള്‍ക്ക് 50 ലക്ഷം, 40 ലക്ഷം, 30ലക്ഷം എന്നീ ക്രമത്തില്‍ അവാര്‍ഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് സമ്മാനം. കൊട്ടാരക്കരയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍വെച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വിജയികളായ എല്ലാ നഗരസഭയുടെയും അധ്യക്ഷന്മാര്‍ക്കും, ഭരണസമിതികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, മുന്‍സിപ്പാലിറ്റികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ ഉറപ്പാക്കിയ പൊതുജനങ്ങള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.