'ആടുജീവിത'ത്തിനു പകരം 'പശുജീവിത'മായിരുന്നു എഴുതിയതെങ്കിൽ ബെന്യാമിനെ മേജർ രവി പൂജിച്ചേനെ: എൻ എസ് മാധവൻ

Webdunia
വ്യാഴം, 17 മാര്‍ച്ച് 2016 (18:02 IST)
'ആടുജീവിത' ത്തിന്‌ പകരം 'പശുജീവിതം' ആയിരുന്നു ബെന്യാമിൻ എഴുതിയിരുന്നതെങ്കിൽ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനേയെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ എന്‍.എസ്‌.മാധവന്‍. മേജർ രവിയാൽ മോഹൻലാൽ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ 'ആരാണ് ബെന്യാമിൻ' എന്ന് ചോദിച്ച മേജർ രവിയുടെ വാക്കുകളോടുള്ള പ്രതികരണമായാണ് എന്‍.എസ്‌ മാധവന്‍ ഇപ്രകാരം ട്വീറ്റ് ചെയ്തത്.
 
മോഹന്‍ലാലിന്റെ അടുത്ത്‌ ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്‌ഥാപിക്കാനോ കഴിയാത്ത ചില വ്യക്‌തികളുടെ അനൂയ പ്രകടനമാണ്‌ ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മേജര്‍ രവി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഒപ്പം ബെന്യാമിൻ എന്ന വ്യക്തിയെ അറിയില്ലെന്നും മേജർ രവി പറഞ്ഞിരുന്നു. മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ സാഹിത്യ ലോകത്തുനിന്നും നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 
 
ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയയാണ്‌ ഈ പ്രസ്‌താവനകള്‍. വിവരമില്ലായ്‌മ എന്നേ ഇതിനെയൊക്കെ പറയാനുള്ളൂ എന്നും ഇവരെപ്പോലെയുള്ളരുടെ മണ്ടത്തരങ്ങള്‍ കേട്ട്‌് തെറ്റിദ്ധരിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞിരുന്നു. മോഹൻലാലിന്റെ പേര് ഇതിലേക്ക് വലിച്ചിട്ടതിനാൽ മാത്രമാണ് താൻ പ്രതികരിക്കുനതെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ഈ വിഷയത്തെ സംബന്ധിച്ച് ഇതുവരെ മോഹൻലാൽ പ്രതികരിച്ചിട്ടില്ല.