ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സിന് സമര്‍പ്പിച്ച ശബ്ദരേഖ വ്യാജമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി വിജിലന്‍സിന് മൊഴി നല്‍കി. മന്ത്രി കെ.എം.മാണിക്ക് പണം കൈമാറിയ സംഘത്തിലുള്‍പ്പെട്ടയാളാണ് രാജ്കുമാറെന്ന് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശ് പലവട്ടം ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മൊഴിനല്‍കാന്‍ രാജ്കുമാര്‍ എത്തിയത്. മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്നും ബിജുരമേശിന്റെ ആരോപണങ്ങള്‍ എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്കുമാര്‍ മൊഴി നല്‍കി. ബിജുവിന്റെ കൈയിലുള്ള ശബ്ദരേഖയുടെ ആധികാരികതയില്‍ ഉണ്ണി സംശയം പ്രകടിപ്പിച്ചു. കെഎം മാണി ഉള്‍പ്പെടെ ഒരു മന്ത്രിക്കും പണം നല്‍കിയിട്ടില്ല. പൂട്ടിയ ബാര്‍ തുറക്കുന്നതിനോ തുറക്കാതിരിക്കുന്നതിനോ അസോസിയേഷന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന പഴയ മൊഴിയില്‍ രാജ്കുമാര്‍ ഉറച്ചുനിന്നു.
അസോസിയേഷന്‍ ഭാരവാഹിയായ പി.എം. കൃഷ്ണദാസിനോടൊപ്പം രാവിലെ 10.45ന് പൂജപ്പുരയിലെ പ്രത്യേക അന്വേഷണസംഘം ഓഫീസിലെത്തിയ രാജ്കുമാറിന്റെ മൊഴിയെടുപ്പ് രാത്രി 9.45നാണ് അവസാനിച്ചത്. ഇതോടെ കൃഷ്ണദാസിന്റെ മൊഴിയെടുക്കല്‍ പിന്നീടൊരുദിവസത്തേക്ക് മാറ്റിവെച്ചു. മൊഴിയെടുപ്പ് പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.