ബാര്‍ കോഴ കേസില്‍ തന്റെ പേരില്‍ കേസില്ലാത്തതിനാല്‍ നുണ പരിശോധനയ്ക്കു ഹാജരാകേണ്ട കാര്യമില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. അന്വേഷണം എത്ര ഇഴഞ്ഞാലും സത്യം പുറത്തുവരും. ഈ സാഹചര്യത്തില്‍ താന്‍ നുണ പരിശോധനയ്ക്കു ഹാജരാകില്ലെന്നും അദ്ദേഹം.
അതേസമയം ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നല്‍കാത്ത ചുമതലകള്‍ ജേക്കബ് തോമസിന് ഉണ്ടെന്നും പിന്നീട് അതില്‍ നിന്ന് മാറ്റിയെന്നും പ്രചരിപ്പിക്കുന്നത്. താന്‍ അങ്ങനെയൊരു ഉത്തരവും നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരക്കുന്നത് തെറ്റായ വാര്‍ത്തകളാണ് എന്ന് മന്ത്രി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനാണ് ബാര്‍ കോഴ അന്വേഷണത്തിന്റെ മേല്‍നോട്ടം. വിജിലന്‍സില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയിടട്ടുമില്ല. മാത്രമല്ല ഏഴ് ദിവസത്തിനുള്ളില്‍ ബാബുവിന്റെ കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാനും സര്‍ക്കാരിനെതിരായ ഗൂഢാലോചനയുമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.