ബാബുവിനെ രക്ഷിക്കാന്‍ ആരുമില്ല; പക തീര്‍ത്ത് സുധീരന്‍ - എന്തൊക്കെയോ വിളിച്ചു പറഞ്ഞ് ഹസന്‍

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (16:08 IST)
മുന്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. ബാബുവിന്റെ സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ പുറത്തുവരുകയും മക്കളുടെയും മരുമക്കളുടെയും ബിനാമികളുടെയും അക്കൌണ്ടുകളില്‍ നിന്ന് പണവും സ്വര്‍ണവും കണ്ടെത്തുകയും ചെയ്‌തതോടെയാണ് വിജിലന്‍സ് നീക്കത്തില്‍ യുഡിഎഫില്‍ കലഹവും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും രൂക്ഷമായിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ ബാബു കുടുങ്ങുമെന്ന തോന്നല്‍ ഒരു വിഭാഗത്തിനുള്ളപ്പോള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്ന തോന്നലാണ് മറ്റൊരു വിഭാഗത്തിനുള്ളത്. ബാബുവിനെ രക്ഷിക്കണമെന്നും സംരക്ഷിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഈ മാസം 24ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം തന്റെ നിലപാട് വ്യക്തമാക്കാമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ളത്. എന്നാൽ രാ·ഷ്ട്രീയ പ്രതികാരനടപടികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

കഴിഞ്ഞ സര്‍ക്കാരിന്റെ നേതാക്കള്‍ കൊള്ളാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ എംഎല്‍എ കുറ്റപ്പെടുത്തി. അഴിമതിക്കെതിരായി ജനവികാരമുളള സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും സതീശന്‍ വിശദമാക്കി. ബാബുവിനെ സംരക്ഷിക്കണമെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവായ ഹസനും രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയ പകപോക്കലിന് ഇടതുസര്‍ക്കാര്‍ വിജലന്‍സിനെ ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആരോപിച്ചു. ബാബുവിനെതിരെ പ്രതികാര നടപടിയാണ് നടക്കുന്നതെന്നും കേസിനെ രാഷ്ട്രീയമായി നേരിടണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയപ്പോള്‍ മറ്റു നേതാക്കള്‍ മൌനത്തിലാണ്.

പ്രതികാര നടപടികൾ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ബാബുവിനെ രക്ഷിക്കാനുള്ള കൂട്ടായ ഒരു ശ്രമവും നടക്കുന്നില്ല എന്ന് വ്യക്തമാണ്. അഴിമതിക്കെതിരെ ജനവികാരം ശക്തമാണെന്ന സതീശന്റെ നിലപാട് തന്നെയാണ് മറ്റു നേതാക്കള്‍ക്കും ഉള്ളത്. അതിനാല്‍ കൂട്ടായ തീരുമാനങ്ങള്‍ മതിയെന്നും വ്യക്തിപരമായി പ്രസ്‌താവനകള്‍ നടത്തി ജനങ്ങളുടെ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ട എന്ന നിലപാടിലുമാണ് ഒരു വിഭാഗം നേതാക്കന്മാരുള്ളത്. എ ഗ്രൂപ്പ് മാത്രമാണ് മാണിക്കായി വാദിക്കുന്നത്.

വിജിലന്‍‌സ് ഡിജിപി ജേക്കബ് തോമസിനെതിരെ പ്രസ്‌താവനകള്‍ നടത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണ്. നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായതിനാല്‍ ജേക്കബ് തോമസിന് ഭയക്കണമെന്നാണ് യു ഡി എഫ് ഒറ്റക്കെട്ടായി പറയുന്നത്. ബാര്‍ കോഴയിലെ പണം സോളാര്‍ തട്ടിപ്പ് കേസിനായി ഉപയോഗിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതുപോലെയുള്ള കേസുകളും ചെന്നിത്തലയേയും കൂട്ടരെയും ഭയപ്പെടുത്തുന്നുണ്ട്.
Next Article