ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (12:49 IST)
മൊബൈല്‍ സിം, ഇ-സിം സംവിധാനത്തിലേയ്ക്കു മാറ്റാനാണെന്നു പറഞ്ഞ് ഫോണ്‍ കോള്‍ വന്നാല്‍ സൂക്ഷിക്കുക. കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പിനു കാരണമായേക്കാം. 
 
നിലവിലുള്ള സിം കാര്‍ഡ് ഇ-സിം സംവിധാനത്തിലേക്കു മാറ്റാന്‍ മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ് സൈറ്റിലോ പ്രവേശിച്ച് 32 അക്കങ്ങളുള്ള ഇഐഡി നല്‍കി ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആര്‍ കോഡ് തങ്ങള്‍ നല്‍കുന്ന വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെടും. കോഡ് ലഭിക്കുന്നതിലൂടെ തട്ടിപ്പുകാര്‍ ഗുണഭോക്താക്കളുടെ പേരിലുള്ള ഇ-സിം ആക്ടിവേറ്റ് ചെയ്യും. അതോടെ ഗുണഭോക്താക്കളുടെ കൈയിലുള്ള സിം പ്രവര്‍ത്തനരഹിതമാകും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് അവരുടെ ലക്ഷ്യം. 
 
24 മണിക്കൂറിനുള്ളിലേ ഇ-സിം ആക്ടിവേറ്റ് ആകൂ എന്ന് ഇവര്‍ അറിയിക്കും. ഇ സിമ്മിന്റെ നിയന്ത്രണം കിട്ടുന്നതോടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പുകാര്‍ സ്വന്തമാക്കും. 
 
വിവിധ സേവനങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ്, വെബ് സൈറ്റ് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. സേവനദാതാക്കള്‍ നല്‍കുന്ന ഒടിപി, ക്യുആര്‍ കോഡ്, പാസ് വേര്‍ഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും 'ടു സ്റ്റെപ് വെരിഫിക്കേഷന്‍' എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article