ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള അട്ടപ്പാടിയില്‍ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. വെടിവച്ചത് മാവോയിസ്റ്റുകളെന്നാണ് സംശയിക്കുന്നത്. മുക്കാലിയില്‍ സ്റ്റുഡിയോ നടത്തുന്ന കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് ബെന്നിക്കു വെടിയേറ്റത്. അട്ടപ്പാടിയിലെ അഗളിയില്‍ ചിക്കണ്ടി വബ്നമേഖലയിലാണ് സംഭവം നടന്നത്.
ഹോട്ടല്‍ ജീവനക്കാരനായ കുട്ടായിയുമൊത്ത് ചിണ്ടക്കി ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു ബെന്നി. മീന്‍ പിടിക്കുന്നതിനിടെ ഇവര്‍ക്ക് നേരെ ഒരു ടോര്‍ച്ച് വെളിച്ചം വന്നു. ഇവര്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് തിരിച്ചടിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ കുട്ടായി ഓടി താഴെ ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു.
അഗളി സിഐ കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാത്രി 1.30ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. നേരത്തെ മാവോവാദികള്‍ ഒരുദിവസം മുഴുവനും ആദിവാസികളോടൊന്നിച്ച് അട്ടപ്പാടിയില്‍ ചെലവഴിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് മാവോവാദികള്‍ മുക്കാലിയിലെ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു.