അതിരപ്പിള്ളി; ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും- ആര്യാടൻ

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2015 (12:43 IST)
അതിരപ്പിള്ളി പദ്ധതിയുടെ റദ്ദാക്കിയ പരിസ്ഥിതി അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനസ്ഥാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷത്തെയും പരിസ്ഥിതി പ്രവർത്തകരെയും വിശ്വാസത്തിൽ എടുത്തേ മുന്നോട്ടു പോകൂവെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്.

ജല വൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിവാദമുണ്ടാക്കാൻ സർക്കാറിന് താൽപര്യമില്ല. ഓരോ  വർഷവും എട്ട് ശതമാനം അധിക വൈദ്യുതി വേണ്ടി വരുന്ന സംസ്ഥാനത്തിന് ജല വൈദ്യുത പദ്ധതിയാണ് ഏറ്റവും അനുയോജ്യമെന്നും ആര്യാടൻ പറഞ്ഞു. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കാണ് കേരള സര്‍ക്കാറിന്റെ അപേക്ഷ.പദ്ധതി നടപ്പാക്കിയാല്‍ ജൈവവൈവിധ്യത്തെയും നീരൊഴുക്കിനെയും ആദിവാസികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കില്ലെന്നാണ് തുടക്കംമുതലേ കെ.എസ്.ഇ.ബിയുടെ വാദം. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2010 ല്‍ റദ്ദാക്കിയ പരിസ്ഥിതി അനുമതിയാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.