ആറന്‍മുള: വിമാനത്താവളത്തിന് പാരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും

Webdunia
വെള്ളി, 26 ജൂണ്‍ 2015 (08:42 IST)
ആറന്‍മുള വിമാനത്താവളത്തിന് പാരിസ്ഥിതി അനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദക്കര്‍ ആവര്‍ത്തിക്കവെ പാരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിക്കും. വിമാനത്താവളത്തിന് പാരിസ്ഥിതി പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റെഫറന്‍സിന് വേണ്ടിയുള്ള അപേക്ഷയാണ് വിദഗ്ദ്ധ സമിതി പരിഗണിക്കുന്നത്.

കഴിഞ്ഞ രണ്ട് തവണയും വിവിധ കാരണങ്ങളാല്‍ അപേക്ഷ നീട്ടി വച്ച പരിസ്ഥിതി മന്ത്രാലയം ഇത്തവണ ആറന്‍മുള വിമാനത്താവള കമ്പനിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പദ്ധതിയ്‌ക്കെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കാണ് മറുപടി പറയാനാണ് ആവശ്യപ്പെട്ടത്. ഇന്ന് ചേരുന്ന പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗദ്ധ സമിതി കെ.ജി.എസ്. നല്‍കിയിരിക്കുന്ന വിശദീകരണം പരിശോധിക്കും. തൃപ്ത്തികരമാണെങ്കില്‍ അനുമതി നല്‍കും.

ആറന്‍മുള വിമാനത്താവളത്തിന് പാരിസ്ഥിതി അനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാമെന്നും അനുമതി ആറമുള വിമാനത്താവളത്തിന് നല്‍കില്ലെന്നും കഴിഞ്ഞ ദിവസവും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവര്‍ത്തിച്ചിരുന്നു.