റേഷനിങ് സംവിധാനത്തിനു പുറത്തുളള വിദ്യാഭ്യാസ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് റേഷന്‍കാര്‍ഡിന് പകരം മറ്റൊരടിസ്ഥാന രേഖ കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ അനര്‍ഹരില്‍ നിന്ന് പിടിച്ചെടുത്ത അയ്യായിരത്തോളം ബിപിഎല്‍ കാര്‍ഡുകളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ റേഷന്‍ വാങ്ങുന്നതിനെക്കാളേറെ വിദ്യാഭ്യാസ ചികിത്സാ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ് റേഷന്‍കാര്‍ഡ് പലരും ഉപയോഗിക്കുന്നത്. ഇതിനാലാണ് റേഷന്‍ കാര്‍ഡിന് പകരം രേഖ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പുതിയ ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ താമസം ഉണ്ടാകുകയാണെങ്കില്‍ താത്‌ക്കാലിക കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്. മൂന്ന് മുതല്‍ അഞ്ച് മാസം വരെ കാലാവധിയുളള താത്‌ക്കാലിക കാര്‍ഡുകളായിരിക്കും ഇവ.
ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വരുന്നതോടെ ബിപിഎല്‍ കാര്‍ഡുകള്‍ പ്രയോറിറ്റി കാര്‍ഡുകളായിമാറും. സംസ്ഥാനത്ത് ഇതുവരെ 2,27,000 ത്തോളം ബിപിഎല്‍ കാര്‍ഡുകളാണുളളത്. പ്രയോറിറ്റി കാര്‍ഡുകളാകുന്നതോടെ ഇവ ഏകദേശം 4,82,000 ത്തോളം പേര്‍ക്ക് ലഭിക്കും. പ്രയോറിറ്റി കാര്‍ഡുകളില്‍ ആളൊന്നിന് അഞ്ച് കി.ഗ്രാം ഭക്ഷ്യധാന്യം വീതമാണ് ലഭിക്കുക.
ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവ് വരുമെന്ന പ്രചാരണം നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതനുവദിക്കില്ലെന്നും ഇപ്പോള്‍ നിലവിലുളളവരാരും തന്നെ റേഷനിങ് സിസ്റ്റത്തിന് പുറത്തുപോകേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയില്‍ നില്‍ക്കുന്ന അനര്‍ഹരായവര്‍ ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന സ്ഥിതി മാറ്റണമെന്നും പുതിയ കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും ചടങ്ങില്‍ അധ്യക്ഷനായ കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു.
ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. മുരുകന്‍, മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സബ് കളക്‌ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എ.ഡി.എം. വി.ആര്‍. വിനോദ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ ക്യാന്‍സര്‍, എയ്‌ഡ്‌സ് രോഗികള്‍, ഓട്ടിസം ബാധിച്ചവര്‍, നിരാലംബര്‍, വിധവകള്‍, വികലാംഗര്‍ തുടങ്ങി ജീവിതദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പുതിയ ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.