'ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്? ഉത്തരവാദിത്തം മുല്ലപ്പള്ളിക്കെന്ന് അനിൽ അക്കര

Webdunia
ചൊവ്വ, 23 ജൂലൈ 2019 (16:00 IST)
തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലെന്നും ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് എന്ന ചോദ്യവുമായി അനില്‍ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മാസങ്ങള്‍ കഴിഞ്ഞു, ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ, ആ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുല്ലപ്പള്ളിക്കു നേരെയുള്ള ഒളിയമ്പെന്നു തോന്നിക്കുന്ന പോസ്റ്റുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. എംഎല്‍എ പോസ്റ്റിനു കീഴില്‍ വന്ന കമന്റുകളില്‍ പലതും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിക്കുന്നതാണ്.
 
ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തിരുന്നു. ആലത്തൂര്‍ എംപിക്ക് വാഹനം വാങ്ങിനല്‍കാനുള്ള കമ്മിറ്റിയുടെ തീരുമാനത്തെ ന്യായീകരിച്ചവരില്‍ മുന്‍നിരയിലായിരുന്ന അനില്‍ അക്കര, കെപിസിസി പ്രസിഡണ്ടിന്റെ അഭിപ്രായങ്ങള്‍ ഏറെ ബഹുമാനത്തോടെ കാണുന്നുവെന്നാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
 
ഡിസിസി പ്രസിഡണ്ടായിരുന്ന ടിഎന്‍ പ്രതാപന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു.എംപി എന്ന നിലയില്‍ പാര്‍ലമെന്ററി പാര്‍ട്ടിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരുമെന്നതിനാല്‍ ഡിസിസി ചുമതല കൂടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന എഐസിസിക്കും കെപിസിസിക്കും നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article