ജീവനുള്ള കാലത്തോളം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ പിറ്റേ ദിവസം വന്ന പത്രവാര്‍ത്തകളില്‍ ചില തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്തു ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായി. പത്തനംതിട്ട യില്‍ ഞാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജ.പി കേന്ദ്രങ്ങളില്‍ നിന്നും പ്രചരണമുണ്ടായി. എന്നാല്‍ ഈ വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ എക്കാലത്തും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതെക്കുറിച്ച് മാധ്യമ സുഹൃര്‍ത്തുക്കള്‍ ചോദിക്കുകയും അതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പിറ്റേ ദിവസത്തെ ചില പത്രങ്ങളില്‍ ‘ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു’ എന്ന് ഞാന്‍ പറഞ്ഞതായി അച്ചടിച്ചു വന്നു. ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, അതിനാല്‍ എനിക്ക് ഈ വിഷയത്തില്‍ ഒരു നിലപാടേയുള്ളൂ. ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പുവേളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയിരുന്നു.
ശ്രീ. ആന്റോആന്റണിയുടെ പ്രചരണാര്‍ത്ഥം പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ മാത്രം 16ല്‍ പരം കുടുംബയോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഈ വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇത് തെറ്റാണെന്നും ഞാന്‍ പാര്‍ട്ടിക്ക് വിധേയനായേ പ്രവര്‍ത്തിക്കൂ എന്നും ശ്രീ.ആന്റോ ആന്റണിയെ ഫോണില്‍ വിളിച്ച് ഞാന്‍ ഉറപ്പു നല്‍കിയിരുന്നു.
ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും, പ്രവര്‍ത്തിക്കും അത് ഞാന്‍ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണ്. ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്…