ഉലയുന്ന കർണാടകം; ജനാധിപത്യത്തിന് വിലയിടുന്ന ഓപ്പറേഷൻ താമര

തിങ്കള്‍, 8 ജൂലൈ 2019 (14:14 IST)
വേലിപ്പുറത്ത് കയറിയ കോഴിയെ ചൂണ്ടി തീന്‍മേശയില്‍ പാത്രം നിരത്താമോ? കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഊണൊരുക്കുന്നത് ഇങ്ങനെയാണ്. ഇനി മൂന്ന് എംഎല്‍എമാര്‍കൂടി ചാടിയാല്‍ മതി, സര്‍ക്കാര്‍ നിലംപൊത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിയ കോണ്‍ഗ്രസ്-ജെഡിഎസ് മതേതര സഖ്യത്തിന് അങ്ങനെ അകാല ചരമമാകും. അത് എപ്പോള്‍ സംഭവിക്കുമെന്ന ആശങ്കയോടെ കസേരയിലിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
 
കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, രമേശ് ജാര്‍ക്കിഹോളി എന്നിവരാണ് സര്‍ക്കാരിന്റെ ശക്തിക്ഷയിപ്പിച്ച് ഇപ്പോള്‍ രാജിവെച്ചവര്‍. കോണ്‍ഗ്രസ് അംഗ സംഖ്യ ഇതോടെ 77 ആയി ചുരുങ്ങി. വിമതര്‍ സര്‍ക്കാരിനെ വിറപ്പിച്ച് നിര്‍ത്തിയിട്ട് മാസങ്ങളായി. അതിന്റെ പരസ്യവസാനമാണ് രണ്ടുപേരുടെയും രാജി.
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ബിജെപി വലിയ ഒറ്റകക്ഷിയായി. പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. ബിജെപി കുതിപ്പും കോണ്‍ഗ്രസിന്റെ ഇടര്‍ച്ചയും കണ്ട തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഭദ്രത ഉറപ്പിച്ച ജെഡിഎസ്സിന്റെ എണ്ണം നിര്‍ണായകമായി. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റാന്‍ കുമാരസ്വാമിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരുണ്ടാക്കി.
 
കൂടുതല്‍ പേര്‍ രാജിവെക്കുമെന്നായിരുന്നു അഭ്യൂഹം. മുഖ്യമന്ത്രി കുമാരസ്വാമി സ്വകാര്യ സന്ദര്‍ശനത്തിന് അമേരിക്കയില്‍ പോയപ്പോഴാണ് രണ്ട് എംഎല്‍എമാരുടെ രാജി. 224 സഭയില്‍ കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പര്‍ 113 ആണ്. ഭരണപക്ഷത്തുനിന്നുള്ള രണ്ടുപേരുടെ രാജിയോടെ സഭയിലെഅംഗ സംഖ്യ 222 ആയി കുറഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 അംഗങ്ങളും ബിജെപിക്ക് 105പേരുമാണ് സഭയിലുള്ളത്. മൂന്ന് ഭരണകക്ഷി എംഎല്‍എമാര്‍ കൂടി രാജിവെച്ചാല്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലാകും. എങ്കിലും ബിജെപിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 11 പേരെങ്കിലും രാജിവെക്കേണ്ടതുണ്ട്. രണ്ടുപേരുടെ രാജിയോടെ കോണ്‍ഗ്രസ് 77ഉം ജെഡിഎസ് 37ഉം ബിഎസ്പി ഒന്നും എന്നതാണ് നിലവിലെ അംഗബലം. കൂടുതല്‍ പേരെ രാജിവെപ്പിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വഴിയിലേക്കാണ് ബിജെപി നീങ്ങുന്നത്.
 
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും അടിസ്ഥാനപരമായ ചേര്‍ച്ച അതിന് ഒരിക്കലും ഉണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യ, കുമാരസ്വാമിയിലുള്ള അസംതൃപ്തി പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു- പാര്‍ട്ടി യോഗങ്ങളിലും പരസ്യമായും.  പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് വിലപിക്കേണ്ടിയും വന്നു. ഇരുപാര്‍ട്ടികള്‍ക്കിടയിലും നിലനിന്ന ഇത്തരം അസ്വസ്ഥതകള്‍ക്കപ്പുറമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉയര്‍ത്തിയ വിമതശബ്ദം.
 
ഈ വിമതസ്വരങ്ങള്‍ രാഷ്ട്രീയ അഭിപ്രായഭിന്നത ആയിരുന്നില്ല. പകരം വിലപേശല്‍ ശബ്ദമായിരുന്നു. മൂല്യങ്ങള്‍ക്കുമേല്‍ പണം വാഴുന്ന കര്‍ണാടകത്തിലെ രാഷ്ട്രീയപശ്ചാത്തലത്തില്‍ ബിജെപി ഇതിനുള്ള വിത്തെറിഞ്ഞ്, വളമിട്ടു. മുംബൈലും ഗോവയിലുമുള്ള റിസോട്ടുകളില്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍, ഇപ്പോള്‍ നിര്‍ധനരായ, കോണ്‍ഗ്രസിന് ആശ്രയം ഡികെ ശിവകുമാര്‍ എന്ന മന്ത്രി മാത്രമായിരുന്നു. പണക്കൊഴുപ്പില്‍ മത്സരിച്ചത് യഥാര്‍ത്ഥത്തില്‍ ബിജെപിയും ശിവകുമാറുമാണ്.
 
കേന്ദ്രഭരണം വീണ്ടും ബിജെപിയുടെ കൈകളിലെത്തിയ സാഹചര്യത്തില്‍ ശിവകുമാറിന്റെ പോക്കറ്റ് മണികൊണ്ട് മാത്രം കോണ്‍ഗ്രസിന് എംഎല്‍എമാരെ എത്രകാലം പിടിച്ചുനിര്‍ത്താന്‍ കഴിയും. രണ്ടോ മൂന്നോ ബിജെപി എംഎല്‍എമാരെ രാജിവെപ്പിച്ച് സര്‍ക്കാരിനെ തല്‍ക്കാലത്തേക്ക് നിലനിര്‍ത്താം എന്നതാണ് കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടല്‍. ഇതിന് രണ്ടിനും ആധാരം പണം മാത്രമായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍