ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതോടെ അജിത് കുമാറിനു ഡിജിപി സ്ഥാനത്ത് എത്താനുള്ള സാധ്യതകള്‍ മങ്ങി. പൊലീസ് മേധാവിക്കൊപ്പം പ്രാധാന്യമുള്ള സ്ഥാനമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ഭരണം നടത്തുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. നേരത്തെ ഉത്തര മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ രണ്ട് എഡിജിപിമാര്‍ക്കാണ് ക്രമസമാധാന ചുമതല ഉണ്ടായിരുന്നു. ഇത് പിന്നീട് ഒരു എഡിജിപിയിലേക്ക് ചുരുങ്ങി.
ഡിജിപി ഡോ.എസ്.ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയിലെ രണ്ടാമന്‍ ആയിരുന്നു അജിത് കുമാര്‍. ഡിജിപി സ്ഥാനം ലക്ഷ്യമിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ പരോക്ഷമായ ആരോപണം. ഇടതുപക്ഷ സര്‍ക്കാരിനു അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് അജിത് കുമാര്‍ സമീപകാലത്ത് പലപ്പോഴായി ചെയ്തതെന്ന പരിഭവം മുഖ്യമന്ത്രിക്കും ഉണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കാന്‍ പിണറായി തീരുമാനിച്ചത്.
ഡിജിപി സ്ഥാനത്തേക്ക് ഇനി അജിത് കുമാറിനെ പരിഗണിക്കില്ല. ഒട്ടേറെ വിവാദങ്ങളില്‍ ഇടം പിടിച്ചതിനാല്‍ അജിത് കുമാറിനു സുപ്രധാന വകുപ്പുകള്‍ നല്‍കാനും സാധ്യത കുറവാണ്. അജിത് കുമാറിനു നാല് വര്‍ഷം കൂടി സര്‍വീസ് ശേഷിക്കുന്നുണ്ട്. ഡിജിപിയുടെ അന്വേഷണത്തിനു പുറമേ ഡിജിപി, ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് എഡിജിപി എന്നിവരുടെ നേതൃത്വത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നു. ഇക്കാരണങ്ങളാല്‍ അജിത് കുമാറിനെ സുപ്രധാന ചുമതലകളിലേക്കൊന്നും ഇനി നിയോഗിക്കില്ല.