നടിയെ ഉപദ്രവിച്ച കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി - ജനപ്രതിനിധികളുടെ മൊഴിയെടുക്കില്ല

Webdunia
വെള്ളി, 14 ജൂലൈ 2017 (18:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ്.

ജനപ്രതിനിധികളായ എംപിയായ ഇന്നസെന്റ്, എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ, അൻവർ സാദത്ത് തുടങ്ങിയവരുടെ മൊഴി എടുക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും എസ്പി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്. ആരോപണം ചെറുതോ വലുതെന്ന് നോക്കുന്നില്ല. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നത് പ്രതിഭാഗത്തിന്റെ വാദം മാത്രമാണെന്നും എവി ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം, ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.  

“ ദിലീപുമായി താന്‍ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് താന്‍ ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്യുകയും പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്ത”തായും അന്‍വര്‍ സാദത്ത് പറഞ്ഞു.
Next Article