ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

Webdunia
ശനി, 29 ജൂലൈ 2017 (13:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്.

താര സംഘടനയായ അമ്മ സംഘടിപ്പിച്ച ഒരു സ്‌റ്റേജ് ഷോയ്ക്കിടെ നടൻ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് അമ്മ ഭാരവാഹി കൂടിയായ ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നത്.

ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിക്കുമെന്നാണ് അറിയുന്നത്.

നേരത്തെ കെസുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ മൊഴി എടുത്തിരുന്നു. കൂടാതെ ദിലീപിന്റെ കാവ്യ മാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നത്.
Next Article