കഴിഞ്ഞ ദിവസം പുലര്‍ച്ചെ രാമനാട്ടുകര അഴിഞ്ഞിലം ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കാറില്‍ സഞ്ചരിച്ചിരുന്ന ബഗല്‍കോട്ട ജില്ലയിലെ ദുര്‍ഗാനഗര്‍ കോളനി നിവാസി വിനോദ്, സച്ചിന്‍, രമേശ് എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന രംഗനാഥന്‍, രാഹുല്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പോ വാനിലുണ്ടായിരുന്ന 12 പേരെ ചെറിയ പരിക്കുകളൊടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ വശം കത്തിനശിച്ചു. കാറില്‍ ഇടിച്ച ടെമ്പോവാനിന്‍റെ പുറകില്‍ മറ്റൊരു കാര്‍ ഇടിച്ച് അതിലെ 5 പേര്‍ക്കും പരുക്കേറ്റു.