പാലക്കാട് കഞ്ചിക്കോട് മിനി ലോറി ഇടിച്ച് നാല് പേര്‍ മരിച്ചു. നായ കുറുകെ ചാടിയതിനെത്തുടർന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രികനടക്കം നാലു പേര്‍ മരിച്ചത്. അർധരാത്രി 1.15നായിരുന്നു ദുരന്തം. പുതുശേരി പഞ്ചായത്തിന് മുന്നിലാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രികൻ ചിറ്റൂർ മേനോൻപാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്റെ മകൻ പ്രഭാകരൻ (46), മലപ്പുറം കാടാമ്പുഴ കാവുങ്ങൽ ശശിപ്രസാദ് (34), കോട്ടക്കൽ കാവതിക്കളം കാടങ്കോട്ടിൽ ഗംഗാധരന്റെ മകൻ കെ. രമേശ് (36), മഞ്ചേരി സ്വദേശി പിസി രാജേഷ് (38) എന്നിവരാണു മരിച്ചത്.
ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്ന പ്രഭാകരന്‍ നായ കുറുകെ ചാടിയപ്പോള്‍ റോഡില്‍ തെറിച്ചുവീണു. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ആര്യവൈദ്യശാല ജീവനക്കാര്‍ രക്ഷിക്കാന്‍ റോഡിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെ പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി ഇവര്‍ നാലു പേരുടെയും ദേഹത്തേക്കു പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടമുണ്ടാക്കിയ ലോറി ഒരു കിലോമീറ്ററോളം അകലെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ലോറി ജീവനക്കാർ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.