230 പവന്‍ കവര്‍ച്ച: നാല് പേര്‍ കൂടി പിടിയില്‍

Webdunia
ശനി, 11 ജൂണ്‍ 2011 (11:08 IST)
PRO
PRO
തൃശൂര്‍ നഗരത്തില്‍ നിന്ന് വെള്ളിയാഴ്ച 230 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബൈക്കിലെത്തി കവര്‍ന്ന കേസില്‍ നാല് പേര്‍ കൂടി പിടിയിലായി. ജ്വല്ലറി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേരെ വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

കവര്‍ച്ച ചെയ്യപ്പെട്ട പകുതിയോളം സ്വര്‍ണം ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായവര്‍ എല്ലാവരും തൃശൂര്‍ ജില്ലക്കാരാണ്.

കേസില്‍ ആറ് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ ചിലര്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. അതിനാല്‍ അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്.

നഗരത്തിലെ വടക്കേ ബസ്സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. ഹാള്‍ മാര്‍ക്ക് ചെയ്ത ശേഷം ജ്വല്ലറിയിലേക്ക് കൊണ്ടു പോകുകയായിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. ജീവനക്കാരനായ ഗോപി എന്നയാളുടെ പക്കല്‍ നിന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണം തട്ടിയെടുത്തത്. രണ്ടു ബൈക്കുകളിലെത്തിയ സംഘം തന്റെ കൈയില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു എന്ന് ഗോപി പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.