22 വര്‍ഷത്തിന് ശേഷം എ കെ ജി സെന്‍ററിലെത്തിയ ഗൌരിയമ്മയുടെ പാര്‍ട്ടിക്ക് ഒരു സീറ്റുമില്ല, പി സി ജോര്‍ജ്ജിനെയും കൈവിട്ടു; സീറ്റ് വിഭജനത്തില്‍ കര്‍ശനനിലപാടുമായി സി പി എം

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (15:50 IST)
22 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കെ ആര്‍ ഗൌരിയമ്മ എ കെ ജി സെന്‍ററിന്‍റെ പടികടന്നെത്തിയത്. സ്വീകരിക്കാന്‍ സി പി എമ്മിന്‍റെ ഉന്നത നേതാക്കളുണ്ടായിരുന്നു. ജെ എസ് എസിന് അഞ്ചിലധികം സീറ്റുകള്‍ വേണമെന്നായിരുന്നു അന്ന് ഗൌരിയമ്മ ആവശ്യപ്പെട്ടത്. പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും സമാധാനിപ്പിച്ച് ഗൌരിയമ്മയെ നേതാക്കള്‍ യാത്രയാക്കി. എന്നാല്‍ ഇപ്പോള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, ഗൌരിയമ്മയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലുമില്ല.
 
യു ഡി എഫില്‍ നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി എല്‍ ഡി എഫിനെ സഹായിക്കാനിറങ്ങിയ ഗൌരിയമ്മയുടെ പാര്‍ട്ടിക്ക് സി പി എമ്മില്‍ നിന്ന് ലഭിച്ച ഈ പ്രതികരണം അവരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
അരൂര്‍, ചേര്‍ത്തല, മൂവാറ്റുപുഴ, ഇരവിപുരം, വര്‍ക്കല സീറ്റുകള്‍ വേണമെന്നാണ് ഗൌരിയമ്മ സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നത്. ഒരു സീറ്റെങ്കിലും ഗൌരിയമ്മയുടെ പാര്‍ട്ടിക്ക് നല്‍കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഗൌരിയമ്മയോട് സൌമനസ്യം കാണിക്കാന്‍ സി പി എം മുതിര്‍ന്നില്ല.  
 
യു ഡി എഫിനെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുചാടുകയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത പി സി ജോര്‍ജ്ജിനെയും സി പി എം കൈവിട്ടു. പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജിന് സീറ്റ് നല്‍കാന്‍ സി പി എം തയ്യാറായില്ല. പകരം ആ സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പടെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് നാലുസീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഒരു സീറ്റിന്‍റെ കാര്യത്തില്‍ കൂടി ചര്‍ച്ച തുടരും.
 
92 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സി പി ഐ 27 സീറ്റുകളിലും ജനതാദള്‍ എസ് അഞ്ച് സീറ്റുകളിലും ഐ എന്‍ എല്‍ മൂന്ന് സീറ്റുകളിലും മത്സരിക്കും. സി എം പിയും കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗവും കേരളാ കോണ്‍ഗ്രസ് ബിയും ആര്‍ എസ് പി എല്ലും കോണ്‍ഗ്രസ് എസും ഓരോ സീറ്റുകളില്‍ മത്സരിക്കും.