കന്നുകാലി കശാപ്പിനെതിരായി കേന്ദ്ര സർക്കാർ വിജ്ഞ്ജാപനം പുറപ്പെടുവിച്ചത് മുതൽ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ പലയിടങ്ങളിലും ബീഫ് ഫെസ്റ്റിവൽ വരെ നടത്തിയിരുന്നു. സംഭവത്തിൽ വി ടി ബൽറാം എം എൽ എയും പ്രതിഷേധിച്ചു. 19 വര്‍ഷങ്ങള്‍ക്കുശേഷം വെജിറ്റേറിയനിസം ഉപേക്ഷിച്ച് ബീഫ് കഴിച്ചാണ് തന്റെ നിലപാട് വി ടി ബൽറാം വ്യക്തമാക്കിയിരിക്കുന്നത്.
കെഎസ്‌യുവിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയിലാണ് ബല്‍റാം ബീഫ് കഴിച്ച് ബീഫിന്റെ രാഷ്ട്രീയത്തോടൊപ്പം അണിചേരുകയാണെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വി ടി ബൽറാമിന്റെ രീതി ഇതിനോടകം വൈറലായി കഴിഞ്ഞു.
കഴിഞ്ഞ 19 വര്‍ഷമായി താനൊരു ശുദ്ധ സസ്യാഹാരിയാണ്. മീനോ, മുട്ടയോ, ഇറച്ചിയോ ഒന്നും ഇക്കാലയളവില്‍ കഴിച്ചിരുന്നില്ല. 1998 മുതലാണ് വെജിറ്റേറിയനായത്. പക്ഷേ ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ ഒരു രാഷ്ട്രീയം അതിശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് എന്ന് കരുതുകയാണ്. ബീഫിന്റെ രാഷ്ട്രീയം അത് ഈ നാടിന്റെ രാഷ്ട്രീയമായി ഉയരണം. അതുകൊണ്ടുതന്നെ ഇതിനെ താൻ ഉപയോഗപ്പെടുത്തുകയാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.