സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്നത് എങ്ങനെ അട്ടിമറിക്കണമെന്ന അന്വേഷണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഗൗരവമില്ലാത്ത കേസുകളെടുത്ത് കേസ് അട്ടിമറിയ്‌ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ടെനി ജോപ്പനും ശാലുമേനോനും ജാമ്യം അനുവദിച്ചത് ഇതിന് തെളിവാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് സോളാര്‍ തട്ടിപ്പില്‍ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയില്‍ വന്നാല്‍ ഓഫീസിലെ ഉദ്യോഗസ്‌ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടിവരും. അങ്ങനെവന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരാനാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഉപരോധസമരം മാത്രമേ അവസാനിച്ചിട്ടുള്ളൂ. മുഖ്യമന്ത്രിയെ തുടര്‍ന്നും ബഹിഷ്‌ക്കരിക്കും. നുണപരിശോധനയ്‌ക്ക് വിധേയനാകാമെന്ന ശ്രീധരന്‍ നായരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരാതിക്കാരന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.