‘സിനിമാ അവാര്‍ഡ് പ്രഖ്യാപനം ഉടന്‍‘

Webdunia
വെള്ളി, 20 മെയ് 2011 (14:01 IST)
PRO
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകിപ്പിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു‍. അവാര്‍ഡുകള്‍ എത്രയും വേഗം പ്രഖ്യാപിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ച അതേ തീയതികളില്‍ ദേശീയ കായികമേള നടത്തുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായി തിടുക്കത്തില്‍ സിനിമാ അവാര്‍ഡ് പ്രഖ്യാപനം നടത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷനാകാനില്ലെന്ന് പ്രമുഖ സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത വ്യക്തമാക്കിയതോടെയായിരുന്നു ഇത്. അവാര്‍ഡ് നിര്‍ണയത്തിനായി ചുരുങ്ങിയ സമയം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും തിടുക്കത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല ചലച്ചിത്ര അവാര്‍ഡുകളെന്നുമാണ് ബുദ്ധദേബ് ദാസ് ഗുപ്ത ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ പിന്നീട് അദ്ദേഹം സഹകരിക്കാം എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, അവാര്‍ഡ്‌ നിര്‍ണയ സമിതിയില്‍ നിന്ന്‌ സംഗീത സംവിധായകന്‍ ജോണ്‍സണ്‍, നടി മേനക സുരേഷ്‌ എന്നിവര്‍ പിന്‍‌മാറുകയും ചെയ്തു. സ്ക്രീനിംഗ് തീയതി സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇരുവരുടെയും പിന്‍‌മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.