‘കേരളമോചന’ത്തിനായി യുഡിഎഫിന്‍റെ ‘യാത്ര’

Webdunia
തിങ്കള്‍, 10 ജനുവരി 2011 (11:20 IST)
പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫിന്‍റെ കേരളമോചനയാത്ര തിങ്കളാഴ്ച തുടങ്ങുന്നു. കാസര്‍കോഡ് ജില്ലയിലെ ഉപ്പളയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം പ്രയാണം ആരംഭിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്യും. ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. പകരം, ജെ എസ് എസിനെ പ്രതിനിധീകരിച്ച് എ എന്‍ രാജന്‍ബാബു ചടങ്ങില്‍ പങ്കെടുക്കും.

യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍, ഘടകകക്ഷി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, എം പി വീരേന്ദ്രകുമാര്‍, ആര്‍ ബാലകൃഷ്ണ പിള്ള, എം വി രാഘവന്‍, ഷിബു ബേബിജോണ്‍ എന്നിവരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം എം ഹസന്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങുന്ന പ്രയാണത്തിന് ഏഴുമണിക്ക് കാസര്‍കോട്‌ മണ്ഡലത്തിലെ ചെര്‍ക്കളയില്‍ ആദ്യസ്വീകരണം നല്‍കും. 140 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ഫെബ്രുവരി നാലിനു തിരുവനന്തപുരത്ത്‌ സമാപിക്കും. അഞ്ചിനു സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും.