‘എന്റെ ഇഷ്ടനടന്‍ മമ്മൂട്ടിയാണ്, പക്ഷേ ദിലീപ് ആണെന്ന് പറയാന്‍ പറഞ്ഞു, ജനപ്രിയനായകന്‍ എന്റെ ജീവിതം നശിപ്പിച്ചു‘ - ജാസിര്‍ പറയുന്നു

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (10:25 IST)
തന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നതിനായി നടന്‍ ദിലീപ് തന്നെ ഉപയോഗിച്ചുവെന്നും തന്റെ ജീവിതം തകര്‍ത്തുവെന്നും പ്രവാസി യുവാവ്. കോഴിക്കോട് വടകര സ്വദേശി ജാസിറാണ് ദിലീപ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ദിലീപ് ജാസിറിനെ ആദ്യമായി കാണുന്നത്. അന്ന് ജാസിറിന് ദിലീപ് ദൈവമായിരുന്നു. പക്ഷേ ഇന്ന്....
 
ഒരു വർഷം ഗള്‍ഫില്‍ വെച്ച് നടന്ന ഒരു അപകടത്തില്‍ നിന്ന് ജാസിറിനെ രക്ഷിച്ചത് ദിലീപ് ആയിരുന്നു. അന്ന് പ്രതിമാസം നാലായിരത്തോളം ദിര്‍ഹം ശമ്പളം ഉള്ള ജോലിയായിരുന്നു താന്‍ ചെയ്തതിരുന്നതെന്ന് ജാസിര്‍ പറയുന്നു. ദിലീപാണ് ജോലി രാജിവെക്കാന്‍ പറഞ്ഞതും നാട്ടില്‍ നല്ലൊരു ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞതും. എന്നാല്‍, ദിലീപ് തന്റെ ജീവിതം തകര്‍ക്കുകയായിരുന്നുവെന്ന് ജാസിര്‍ ആരോപിക്കുന്നു.
 
‘ദിലീപിനെ കാണുകയാണെങ്കില്‍ എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയില്‍ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോൺ കോളുകള്‍ക്ക് പോലും മറുപടി നൽകാത്തത്‘. - ജാസിര്‍ ചോദിക്കുന്നു.
 
ദുബായില്‍ വെച്ച് അപകടം സംഭവിച്ചപ്പോള്‍ ജാസിറിനെ ദിലീപ് രക്ഷിച്ചു. അങ്ങനെ ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ജനപ്രിയന്റെ ജനപ്രീതി കൂടുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്ന് പറയാന്‍ നിര്‍ദ്ദേശം വന്നുവെന്നും ദിലീപാണ് ഇഷ്ടനായകനെന്ന് അവര്‍ പറയിപ്പിച്ചുവെന്നും ജാസിര്‍ പറയുന്നു. സത്യത്തില്‍ ഇഷ്ടനായകന്‍ മമ്മൂട്ടി ആയിരുന്നിട്ടും അവര്‍ പറഞ്ഞത് തന്നെ പറഞ്ഞെന്ന് ജാസിര്‍ പറയുന്നു. 
 
ദിലീപ് പറഞ്ഞതനുസരിച്ചാണ് ഗള്‍ഫിലെ ജോലി രാജിവെച്ചത്. ‘നമുക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നും നടന്‍ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. നാട്ടിലെത്തി പലതവണ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അജ്മാനില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1000 ദിർഹമായിരുന്നു ശമ്പളം. തുടർന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. 
 
അന്നത്തെ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടർന്നിരുന്നെങ്കിൽ അവിടെ ഒരു വീട് വയ്ക്കാൻ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചതെന്ന് ജാസിര്‍ ചോദിക്കുന്നു.
Next Article